കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് ആശ്വാസം. വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്. എഫ്‌ഐആറിന്‍റെ തുടര്‍ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ഷാജി കോഴ വാങ്ങിയെന്ന് തെളിഞ്ഞുവെന്നും എഫ്‌ഐആര്‍ നിലനില്‍ക്കുമെന്നുമായിരുന്നു വിജിലന്‍സിന്‍റെ വാദം. എന്നാല്‍ കൃത്യമായ തെളിവുകളില്ലെന്നും രാഷ്ട്രീയപരമായ നീക്കങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും കെ.എം ഷാജി ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ വാദം കേള്‍ക്കുമ്പോള്‍ തന്നെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വിജിലന്‍സ് എഫ്‌ഐആര്‍ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എഫ്‌ഐആര്‍ റദ്ദാക്കിയിരിക്കുന്നത്.
കേസില്‍ അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ പി.വി പത്മനാഭനെയടക്കം പ്രതി ചേര്‍ത്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. സിപിഎമ്മിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായുള്ള കേസാണിതെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിർണ്ണായക വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.