ശബരിമലയില്‍ സ്വര്‍ണ്ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ. ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞതിലൂടെ ഹൈക്കോടതി സര്‍ക്കാര്‍ ഇടപെടലുകളെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് വ്യക്തമാണ്. സര്‍ക്കാരിന്‍റെ അറിവോടെ നടന്ന മോഷണമാണെന്ന ആരോപണം പ്രത്യക്ഷത്തില്‍ ശരിവെയ്ക്കുക കൂടിയാണ് ഹൈക്കോടതിവിധി. അന്വേഷണം ഭരണ നേതൃത്വത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്‍റെ ദുസ്വാധീനം ഹൈക്കോടതി മുന്‍കൂട്ടി കാണുന്നതിനാലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത്രയും കാലം പിണറായി സര്‍ക്കാര്‍ മൂടിവെച്ച മോഷണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെ പുറത്തുവരുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.
ഇത്രയും നാള്‍ മോഷ്ടാക്കളെ സംരക്ഷിച്ച സര്‍ക്കാര്‍ ഇപ്പോഴും അതേ നിലപാടില്‍ തുടരുകയാണ്. ഹൈക്കോടതി പോലും സംശയത്തോടെ നോക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ദേവസ്വം മന്ത്രിക്കും ഈ കൂട്ടുകച്ചവടത്തില്‍ പങ്കുണ്ട്. ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും എതിരാണ് ഹൈക്കോടതി വിധി. അതിന്‍റെ പശ്ചാത്തലത്തില്‍ ബോര്‍ഡും മന്ത്രിയും രാജിവെയ്ക്കണമെന്നും അന്വേഷണ പരിധിയിൽ ഇവരുടെ ഇടപെടലും ഉൾപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ശബരിമലയിലെ വന്‍ സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള കരുതലാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേവസ്വം ബോർഡിന് വീഴ്ച പറ്റിയതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അതിന് തെളിവാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുക്കി കോടതിയെ തെറ്റിധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അത് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനാലാണ് ഹൈക്കോടതി നിരീക്ഷണത്തില്‍ സിബി ഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തിന് നേരെ മുഖം തിരിക്കുന്നത്. ശബരിമലയില്‍ ദേവന്റെ സ്വത്ത് മോഷ്ടിച്ചവന്‍ എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആത്മാര്‍ത്ഥത സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ആ ആവശ്യത്തോട് അനുകൂല സമീപനം സ്വീകരിക്കുമായിരുന്നു. യോഗദണ്ഡും രുദ്രാക്ഷമാലയും സ്വര്‍ണ്ണം പൂശാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മകന് നല്‍കിയ സംഭവത്തിലൂടെ ശബരിമലയില്‍ സ്വര്‍ണം ചെമ്പായ കാലത്തെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ വ്യക്തതവന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.