അരിക്കൊമ്പനിലെ ഹൈക്കോടതി ഉത്തരവ്; സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം

Jaihind Webdesk
Friday, April 14, 2023

ഇടുക്കിയുടെ പേടിസ്വപ്നമായ കാട്ടാന അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം. പറമ്പിക്കുളത്തേക്ക് ഉടൻ കാട്ടാനയെ മാറ്റണമെന്ന ഹൈക്കോടതി നിർദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. സ്റ്റാൻഡിംഗ് കൗൺസിലിന് ഇതുമായി ബന്ധപ്പെട്ട രേഖകൾ കേരളം കൈമാറി.

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്നും മാറ്റുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സർക്കാരിന്‍റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇതിനെയാണ് കേരളം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനിരിക്കുന്നത്. പറമ്പിക്കുളം മാത്രമല്ല കേരളത്തിൽ ഏതു സ്ഥലത്തേക്ക് ആനയെ മാറ്റിയാലും അതിനെതിരെ പ്രതിഷേധം ഉയരും. ജനങ്ങളുടെ ആശങ്കകൾ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് അനുചിതമാണെന്നാകും കേരളം സുപ്രീം കോടതിയിൽ ഉയർത്തുന്ന വാദം.

അതേസമയം അരിക്കൊമ്പന് ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ ഇന്ന് ഇടുക്കിയിൽ എത്തിക്കും. എയർ കാർഗോ വഴിയാണ് അസമിൽ നിന്ന് ജിപിഎസ് കോളർ എത്തിക്കുന്നത്. നെടുമ്പാശേരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ റേഡിയോ കോളർ ഏറ്റുവാങ്ങും.