അവളുടെ പോരാട്ടമാണ് എല്ലാത്തിന്‍റേയും തുടക്കം’; ഓർമിപ്പിച്ച് ഗീതു മോഹന്‍ദാസ്, പിന്തുണച്ച് മഞ്ജുവും

 

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ, ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് വിശദമാക്കി അഭിനേതാക്കളായ ഗീതു മോഹന്‍ദാസും മ‍ഞ്ജു വാരിയരും. ഇന്ന് മലയാള സിനിമയിൽ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകൾക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാൾ പോരാട്ടമാണെന്നാണ് ഗീതു മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തിയത്. ‘നമ്മൾ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്’ എന്നാണ് ഗീതു ഫേസ്ബുക്കിൽ കുറിച്ചത്.  ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ കമന്‍റ്.

കൊച്ചിയിൽ രാത്രി കാറിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓർമ്മപ്പെടുത്തലാണ് ഗീതു നടത്തിയത്. 2019 ൽ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോ‍ർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ കോളിളക്കമാണ് സംഭവിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടയിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മിപ്പിച്ച് ഗീതു മോഹൻദാസ് രംഗത്തെത്തിയത്.

ഇരുവരുടെയും പ്രതികരണം ചർച്ചയായിക്കഴിഞ്ഞു. ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ ഗീതു മോഹൻദാസിനെയും മഞ്ജു വാരിയരെയും പിന്തുണച്ചു. ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്നാണ് ദീദിയുടെ പ്രതികരണം.

Comments (0)
Add Comment