ഹേമ കമ്മിറ്റി റിപ്പോ‍ർട്ട്: ‘സ‍ർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം, റിപ്പോ‍ർട്ട് മൂടി വെച്ചത് ആരെ സംരക്ഷിക്കാനാണ്’?; വി.ഡി. സതീശൻ

Jaihind Webdesk
Monday, August 19, 2024

 

എറണാകുളം: സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തു വിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമ മേഖലയില്‍ ലൈംഗിക ചൂഷണവും ക്രിമിനല്‍വത്ക്കരണവും അരാജകത്വവും ഉള്‍പ്പെടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപോലൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും അത് പുറത്തുവിടാതെ നാലരവർഷം സർക്കാർ എന്തിന് അടയിരുന്നു എന്നും വി.ഡി. സതീശൻ ചോദിച്ചു. സ്ത്രീവിരുദ്ധത നടന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതെയും റിപ്പോര്‍ട്ട് പുറത്തുവിടാതെയും ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം. ലൈംഗിക ചൂഷണം സംബന്ധിച്ച അന്വേഷണത്തിന് സീനിയര്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. എത്ര വലിയ കൊമ്പന്‍മാരാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയെന്നത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും വി.ഡി. സതീശൻ ചൂണ്ടികാട്ടി.

പോക്സോ കേസുകള്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തിരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണ്. സര്‍ക്കാര്‍ നടപടി കേരളത്തിന്‌ അപമാനകരമായ കാര്യമാണ്. ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ക്രിമിനൽ കുറ്റം തന്നെയാണ്. ഇഷ്ടക്കാരെ സംരക്ഷിക്കാൻ ആണോ റിപ്പോർട്ട് മൂടി വെച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.