മല കയറാതെ മഞ്ജുവും മടങ്ങി

ശബരിമല ദർശനത്തിനെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജു ശബരിമല ദര്‍ശനം വേണ്ടെന്ന് തീരുമാനിച്ച് മലയിറങ്ങി.

നേരത്തെ കനത്ത മഴയെ തുടര്‍ന്ന് ഇന്ന് സന്നിധാനത്തേക്ക് കടത്തി വിടില്ലെന്ന് പൊലീസ് തീരുമാനമെടുത്തിരുന്നു. മഴയും സുരക്ഷാപ്രശ്‌നങ്ങളും കാരണം മഞ്ജുവിനെ കടത്തിവിടേണ്ടെന്ന തീരുമാനമാണ് പൊലീസ് സ്വീകരിച്ചത്. മഞ്ജുവിന്‍റെ മുൻകാല പ്രവർത്തനങ്ങളുടെയും കേസുകളുടെയും വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. നിലവില്‍ 15 കേസുകളാണ് മഞ്ജുവിന്‍റെ പേരിലുള്ളതെന്ന് പോലീസ് അറിയിച്ചു. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പോലീസിന്‍റെ അഭ്യർഥന ഇവർ നിരസിച്ചു. താൻ വിശ്വാസിയാണെന്നും ഉടനെ മലയിലേക്ക് പോകണമെന്നുമായിരുന്നു മഞ്ജുവിന്‍റെ നിലപാട്.

തുടർന്ന് എ.ഡി.ജി.പി അനിൽ കാന്തും ഐ.ജിമാരായ മനോജ് ഏബ്രഹാമും, എസ് ശ്രീജിത്തും കൂടിയാലോചന നടത്തി. സന്നിധാനത്തും വഴിയിലും കനത്ത മഴ പെയ്യുന്നതും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായതും യാത്രയ്ക്ക് തടസമാകുമെന്ന വിലയിരുത്തലിൽ മഞ്ജുവിനെ കടത്തി വിടേണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ് എത്തിച്ചേർന്നത്. ഇതിനിടെ മഞ്ജുവിനെതിരെ ഭക്തർ നാമജപസമരവും ആരംഭിച്ചു. തുടര്‍ന്ന് മഞ്ജു ശബരിമല ദര്‍ശനം വേണ്ടെന്ന് തീരുമാനിച്ച് തിരിച്ചിറങ്ങുകയായിരുന്നു.

ചാത്തന്നൂർ സ്വദേശിയായ മഞ്ജു ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയതു മുതൽ വിശ്വാസികൾ പ്രതിഷേധത്തിനായി തയാറെടുത്തിയിരുന്നു. പമ്പാ ഗണപതികോവിൽ, പന്തളം രാജകുടുംബപ്രതിനിധിയുടെ ഇരിപ്പിടത്തിന് സമീപവും മറ്റിടങ്ങളുമായി ചെറുകൂട്ടങ്ങളായി ഭക്തർ നിലയുറപ്പിച്ചു. ഇതോടെ പ്രതിഷേധസാധ്യത മനസിലാക്കിയ പൊലീസ് ഇവരുമായി ചർച്ച നടത്തുകയായിരുന്നു. ചർച്ച നടക്കുന്ന മുറിയുടെ പുറത്തും മറ്റിടങ്ങളുമായി കൂട്ടം ടൂടി നിന്ന ഭക്തർ ഇതോടെ നാമജപസമരത്തിൽ ഏർപ്പെട്ടു. തുടർന്ന് പമ്പയിലും സന്നിധാനത്തും കനത്ത മഴ ആരംഭിച്ചതോടെ മഞ്ജുവിന്‍റെ മലകയറ്റത്തിന് പൊലീസ് അനുമതി നൽകിയില്ല.

Sabarimala
Comments (0)
Add Comment