ആലുവ: ആലുവയില്‍ രാവിലെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ടൗണിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ഏഴുമണിയോടെ തുടങ്ങിയ മഴ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ശമിച്ചത്.
പുളിഞ്ചോട് ഭാഗത്തുള്ള റോഡില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ഇരുചക്രവാഹനങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഈ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പല കടകളും അടച്ചിട്ടു. ടൗണിലെ കാരോത്തുകുഴി ജംഗ്ഷനിലും വെള്ളക്കെട്ട് രൂക്ഷമാണ്.
യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി ആലുവ റെയില്‍വേ സ്റ്റേഷന് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റേഷനിലേക്ക് പോകുന്നതിനും ഇറങ്ങിവരുന്നതിനും യാത്രക്കാര്‍ വലഞ്ഞു. ഇന്നലെയും ഇന്നുമായി പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ഇത്രയും വലിയ വെള്ളക്കെട്ട് ഉണ്ടായത്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.