മഴ മറ്റന്നാള്‍ വരെ തുടരും ; നാല് ജില്ലകളില്‍ റെഡ് അലർട്ട്, മലയോര മേഖലകളില്‍ ജാഗ്രതാ നിർദേശം

Jaihind News Bureau
Sunday, September 20, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ മറ്റന്നാള്‍ വരെ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി 7 മണി മുതല്‍ രാവിലെ 7 വരെ ഗതാഗത നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്. റെഡ് അലർട്ടുള്ള ജില്ലകളിൽ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തമായാല്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ 80 ശതമാനം വെള്ളമുണ്ട്. 13 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. നിലവിൽ മലങ്കര അണക്കെട്ടിന്‍റെ 5 ഷട്ടറുകൾ 10സെന്‍റിമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ട് തുറന്ന് മാട്ടുപ്പെട്ടി ജലാശയത്തിലേക്കു വെള്ളം ഒഴുക്കുന്നുണ്ട്. മഴ ശക്തമായാൽ കല്ലാർകുട്ടി, ഹെഡ്‍വർക്ക്സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും.

പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ട്. കൽപ്പാത്തി, ഗായത്രി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. നിലവിൽ കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ട് പോയ തണ്ടർ ബോൾട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.