സംസ്ഥാനത്ത് കനത്ത മഴ; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; വയനാട്ടില്‍ 91 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി; ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Wednesday, August 7, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് പലജില്ലകളിലും മഴ കനത്തു. മലബാര്‍ മേഖലയിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വയനാട്ടില്‍ നാശനഷ്ടങ്ങള്‍ കൂടുതലാണ് ഇവിടെ റെഡ് അലര്‍ട്ട് തുടരുകയാണ്. വയനാട് ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 91 കുടുംബങ്ങളിലെ 399 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒന്നും ക്യാമ്പുകളാണ് തുറന്നത്.

മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ഈ വര്‍ഷം കാലവര്‍ഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടിയ ജല നിരപ്പിലേക്കാണ് എത്തുന്നത്. 12 മണിക്ക് 767.50 മീറ്ററാണ് ജലനിരപ്പ്. 773.90 മീറ്റര്‍ എത്തിയാല്‍ മാത്രമെ ഷട്ടര്‍ തുറക്കുകയുള്ളൂവെന്ന് ഡാം അധികൃതര്‍ അറിയിച്ചു. മഴയുടെ തോത് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്നാല്‍ മാത്രമേ ഡാം തുറക്കേണ്ട അവസ്ഥ വരൂ എന്നാണ് അനുമാനം.