ശക്തമായ മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്തമഴയ്ക്കും ശക്തമായ തിരമാലകൾക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 7 ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുടെ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദം നല്‍കുന്ന മുന്നയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിംഗ് ടൈഡിന്‍റെയും സംയുക്ത ഫലമായാണ് ഇത് സംഭവിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്തോട് ചേര്‍ന്ന് ശക്തി പ്രാപിക്കാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അകലം പാലിക്കേണ്ടതാണ്. തീരങ്ങളിൽ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാൽ വിനോദ സഞ്ചാരികൾ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കണം. തീരദേശവാസികൾക്കും മീൻപിടുത്തക്കാർക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കർണാടക തീരത്ത് അറബിക്കടലിലും കർണാടകത്തിന്റെ ഉൾഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇതിന് പുറമേ കർണാടകത്തിന്റെ വടക്ക് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദപാത്തിയും നിലവിലുണ്ട്.

heavy rain alert
Comments (0)
Add Comment