സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും; യെല്ലോ അലര്‍ട്ട്

Jaihind Webdesk
Wednesday, October 3, 2018

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്.അറബിക്കടലില്‍ കേരള തീരത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ഇടുക്കി, വയനാട് ജില്ലകളിൽ ഈ മാസം ആറ് വരെയും കോഴിക്കോടും ലക്ഷദ്വീപിലും അഞ്ച്, ആറ് തീയതികളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കും. 7,8 തീയതികളിൽ ന്യൂനമർദം ശക്തിപ്പെട്ട് അറബിക്കടലിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ന്യൂനമർദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.

തീരദേശ ഗ്രാമങ്ങൾ, തുറമുഖങ്ങൾ, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങൾ, തീരപ്രദേശത്തെ ജനപ്രതിനിധികൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഈ മുന്നറിയിപ്പ് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോടു നിർദേശിച്ചു.

ദീർഘനാളത്തേക്ക് അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോയവരെ അഞ്ചാം തീയതിക്ക് മുമ്പ് തീരത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.