സെല്‍വിന്‍റെ ഹൃദയം തുടിച്ചു, ഹരിനാരായണന് പുതുജീവനായി… ശസ്ത്രക്രിയ വിജയകരം

Jaihind Webdesk
Saturday, November 25, 2023

 

കൊച്ചി: തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസിൽ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ച് നടന്ന ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കായംകുളം സ്വദേശിയായ പതിനാറുകാരൻ ഹരി നാരായണനാണ് ഹൃദയം മാറ്റിവെച്ചത്. മസ്തിഷ്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെൽവിൻ ശേഖറെന്ന 36 കാരന്‍റെ ഹൃദയമാണ് ഹരിനാരായണന് നല്‍കിയത്. ഹരിനാരായണന്‍ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസ്തിഷ്ക മരണം സംഭവിച്ച സെല്‍വിന്‍റെ ഹൃദയം ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ആസ്റ്റർ മെഡ്സിറ്റിയിലേക്കും ലിസി ആശുപത്രിയിലേക്കും കിംസ് ആശുപത്രിയിലേക്കുമാണ് മറ്റു അവയവങ്ങൾ കൊണ്ടുപോയത്. സെല്‍വിന്‍റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കായി നല്‍കി. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

11.12-ഓടെ ഹെലികോപ്ടര്‍ കൊച്ചിയിലെത്തിച്ചേർന്നു. 10.20-നാണ് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ തിരിച്ചത്. ഹെലികോപ്ടറില്‍ നിന്ന് അവയവങ്ങളടങ്ങിയ ബോക്‌സുകള്‍ കൈപ്പറ്റിയ ജീവനക്കാര്‍, രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളിലേക്ക് റോഡു മാർഗം തിരിച്ചു. ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിച്ചുകൊണ്ടാണ് അവയവങ്ങള്‍ അതത് ആശുപത്രികളില്‍ എത്തിച്ചത്.

മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖര്‍ (36) തമിഴ്നാട്ടിലെ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദനയെ തുടർന്ന് അവിടത്തെ ആശുപത്രിയിലും പിന്നീട് നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ചികിത്സ തേടിയിരുന്നു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ വംബര്‍ 24-ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യ അവയവദാനത്തിന് സന്നദ്ധതയറിയിച്ചതോടെ വളരെ പെട്ടെന്ന് തുടർ ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.