അരിക്കൊമ്പന്‍ അവശന്‍; ഉണങ്ങാതെ തുമ്പിക്കൈയിലെ മുറിവ്, മയക്കുവെടിയേറ്റ് ഒരു ദിവസത്തിലേറെയായി ലോറിയില്‍: വനത്തിലേക്ക് തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം

Jaihind Webdesk
Tuesday, June 6, 2023

 

തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച അരിക്കൊമ്പന്‍റെ ആരോഗ്യസ്ഥിതി മോശം. കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. അരിക്കൊമ്പന് ചികിത്സ വേണ്ടിവരുമെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. ആവശ്യമെങ്കിൽ കോതയാര്‍ ആന സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കിയേക്കും. അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.

നിലവില്‍ അരിക്കൊമ്പന്‍ അനിമല്‍ ആംബുലന്‍സില്‍ തന്നെയാണുള്ളത്. മയക്കുവെടിയേറ്റ നിലയില്‍ ഒരു ദിവസത്തെ യാത്രയും ആനയെ തളർത്തിയിട്ടുണ്ട്. തുമ്പിക്കൈയിലെ മുറിവും ഉണങ്ങിയിട്ടില്ലാത്തത് സ്ഥിതി കൂടുതല്‍ മോശമാക്കിയിട്ടുണ്ട്. കൊമ്പന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ വൈകിട്ടോടെയാണ് തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെത്തിച്ചത്. കടുവാ സങ്കേതത്തിലെ മണിമുത്താർ വനത്തിൽ തുറന്നുവിടാനായിരുന്നു നീക്കം. ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടാണ് ഈ നീക്കം തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുന്നത്.