കൊച്ചി : സില്‍വര്‍ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി. കോടതി ആരാഞ്ഞ കാര്യങ്ങൾക്ക് നാളെ മറുപടി നൽകണമെന്നും സംസ്ഥാന സർക്കാറിനോടും കേന്ദ്ര സർക്കാറിനോടും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണോ പദ്ധതിക്കായി കല്ലിടുന്നത്? സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ? എന്നീ കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ സിൽവർ ലൈൻ കടന്ന് പോകുന്നുണ്ടെങ്കിൽ പുതുച്ചേരി സർക്കാറുമായി ചർച്ച ചെയ്യേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ പഠനത്തിന്‍റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് കോടതി വിമര്‍ശിച്ചു. സര്‍വേയുടെ പേരില്‍ വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഭൂമിയില്‍ വലിയ കല്ലുകള്‍ കണ്ടാല്‍ ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ഭൂവുടമകൾക്ക് ലോൺ നൽകാൻ നിർദേശിക്കാൻ സർക്കാറിന് കഴിയുമോ എന്നും കോടതി ആരാഞ്ഞു. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.