കൊച്ചി: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയും പരിഗണനയ്ക്ക് വരുന്നുണ്ട്.
വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. മറുപടി നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാന്‍സലര്‍മാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറിയിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ സാഹചര്യവും വിശദീകരിക്കും.