ശബരിമല വിമാനത്താവള പദ്ധതി : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലിന് ഹൈക്കോടതി സ്റ്റേ, സർക്കാരിന് തിരിച്ചടി

Jaihind News Bureau
Friday, July 3, 2020

 

ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ബിലീവേഴ്‌സ് ചര്‍ച്ചിനായി അയന ട്രസ്റ്റ്‌ നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതി ഉത്തരവ്.

വിമാനത്താവളം നിർമിക്കാൻ 2,263 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഹര്‍ജി ഈ മാസം 21 ന് വീണ്ടും കേള്‍ക്കും. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് അനുവാദം നല്‍കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത് കഴിഞ്ഞ മാസം 18 നായിരുന്നു. തൊട്ടുപിന്നാലെയാണ് ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ബിലീവേഴസ് ചര്‍ച്ചിന് കീഴിലുള്ള അയന ട്രസ്റ്റ് ഹൈക്കോടതിയിലെത്തിയത്.

ഭൂമിയുടെ ഉടമസ്ഥ തര്‍ക്കം സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നില്‍ക്കുന്ന കേസിലാണ് മറ്റൊരു മറ്റൊരു ഉപഹ‍ര്‍ജി നല്‍കിയത്. പണം കോടതിയിലടച്ച്‌ ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി നിയമാനുസൃതമല്ലെന്ന് ട്രസ്റ്റ് വാദിച്ചു. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും പണം ലഭിക്കേണ്ടത് ട്രസ്റ്റിനാണെന്നുമായിരുന്നു നിലപാട്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തുടരുകയാണെന്നും, തര്‍ക്കത്തിലുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ തുക കോടതിയില്‍ കെട്ടിവെച്ച്‌ നിയമാനുസൃതമായി ഭൂമി ഏറ്റെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാകണം നടപടിയെന്നും ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റ് ബലം പ്രയോഗിച്ച്‌ ഏറ്റെടുക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.