കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയോ? വടക്കേ ഇന്ത്യൻ മോഡൽ ക്രിസ്മസ് വിലക്ക് കേരളത്തിലും

Jaihind Webdesk
Sunday, December 22, 2024

പാലക്കാട്‌: വടക്കേ ഇന്ത്യയിൽ മാത്രം കേട്ടു ശീലിച്ച ക്രിസ്മസ് വിലക്ക് ഇടത് മുന്നണി ഭരിക്കുന്ന കേരളത്തിലും. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി ) പാലക്കാട്ടെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞത് ക്രൈസ്തവ സമൂഹത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കയാണ്. മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്. അതേസമയം സംസ്ഥാന ബിജെപി നേതൃത്വം ഈ സംഭവത്തെക്കുറിച്ച് ഇതേ വരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് വിഎച്ച്പി പ്രവർത്തകർ തടയാൻ ശ്രമിച്ചത്. ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വിഎച്ച്പി പ്രവ൪ത്തകരെ റിമാൻ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി.സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നത്.

എന്തായാലും ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിലും ഇങ്ങനെ ഉണ്ടായതിനെ ഞെട്ടലോടെയാണ് ഏവരും നോക്കിക്കാണുന്നത്. ബിജെപി സംഘപരിവാർ സംഘടനകൾക്ക് ഇടം ഉണ്ടാക്കി കൊടുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പും ഭരണപക്ഷവും മത്സരിക്കുകയാണോ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.