വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നീതി തേടി തിരുവോണദിനത്തില്‍ പട്ടിണി സമരം നടത്താന്‍ ഹർഷിന

Jaihind Webdesk
Monday, August 28, 2023

കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ഹർഷിന. നീതിക്ക് വേണ്ടി നടത്തുന്ന സമരം 100 ദിവസം പിന്നിടുന്ന നാളെ, തിരുവോണ നാളിൽ പട്ടിണി സമരം നടത്താനൊരുങ്ങുകയാണ് ഹർഷിന. യുവതിയായ ഒരു സ്ത്രീ 5 വർഷ വർഷത്തിലധികമായി അനുഭവിച്ച നരകയാതനയ്ക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മറ്റൊരാൾക്കും ഭാവിയിൽ ഇത്തരത്തിൽ സംഭവിക്കാത്ത രീതിയിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് സമരസമിതിയുടെയും ഹർഷിനയുടെയും നിലപാട്. വിവിധ അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരു ഫലവും കാണാത്ത അവസ്ഥയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ തുടരുന്ന സമരം കൂടാതെ നീതിക്ക് വേണ്ടി ഹർഷിന സെക്രട്ടറിയേറ്റിന് മുമ്പിലും നിരാഹാര സമരം നടത്തിയെങ്കിലും ഇതുവരെ പരിഹാരം കാണാൻ സർക്കാറിന് സാധിച്ചിട്ടില്ല. സാങ്കേതികമായ കാരണങ്ങളാൽ മാത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് കൈപ്പിഴ പറ്റിയതെന്ന് ഉറപ്പിച്ചു പറയാൻ ആവില്ലെന്നുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ സമരസമിതി അട്ടിമറി സംശയിക്കുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ശസ്ത്രക്രിയ ഉപകരണം ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റക്കാർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാനും ഹർഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്കാണെന്ന ആക്ഷേപമുണ്ട്. നീതി ലഭ്യമാകുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹർഷിന.