കൊച്ചി :ശബരിമല ഡോളി സമരത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീര്‍ത്ഥാടന കാലയളവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഉച്ചവരെ ഡോളി തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവര്‍ത്തിക്കരുത്. ഇത്തരം സമരങ്ങള്‍ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ പ്രീപെയ്ഡ് രീതിയിലേക്ക് ഡോളി സര്‍വീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സര്‍വീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കില്‍ ആയിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനം. എന്നാല്‍ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് അര്‍ദ്ധരാത്രി മുതല്‍ മുന്നൂറിലേറെ വരുന്ന ഡോളി സര്‍വീസുകാര്‍ പണിമുടക്കുകയായിരുന്നു. ഇതോടെ ഡോളി സര്‍വീസിനെ ആശ്രയിച്ച് സന്നിധാനത്ത് എത്തിയ പ്രായമായവരും ഭിന്നശേഷിക്കാരും വലഞ്ഞിരുന്നു.