‘റോഡിലെ കുഴികള്‍ ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല, കോടതിക്ക് പറയേണ്ടിവരുന്നത് ഗതികേട്’: രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ

കൊച്ചി: റോഡുകളിലെ കുഴികളില്‍ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കുഴികള്‍ ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. കുഴികൾ മൂടണം എന്നു കോടതിക്ക് പറയേണ്ടി വരുന്നത് ഗതികേടാണ്. കോടതി ഇതു പറയുമ്പോള്‍ നമ്മള്‍ എവിടെ വരെ എത്തി എന്നു ചിന്തിക്കണം.  ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും ചോദിച്ച അദ്ദേഹം അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. അപകടരഹിത കൊച്ചി എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങളോട് നിങ്ങള്‍ സുരക്ഷിതരായിരിക്കണം, ഹെല്‍മെറ്റ് വെക്കണം, സീറ്റ് ബെല്‍റ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങള്‍ക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മള്‍ റോഡില്‍ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. അധികൃതര്‍ കണ്ണടയ്ക്കുന്നതോ, അധികൃതര്‍ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല’ – ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ – എറണാകുളം ജില്ലാ കളക്ടർമാർ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അമിക്കസ് ക്യൂറി വഴിയാണ് ജസ്റ്റിസ് നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം കുഴികള്‍ പൂര്‍ണ്ണമായി മൂടണമെന്നാണ് കോടതിയുടെ അന്ത്യശാസനം.

Comments (0)
Add Comment