കളമശേരിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേർ അറസ്റ്റില്‍

Tuesday, September 7, 2021

കൊച്ചി : കളമശേരിയിൽ തോക്കുകൾ പിടികൂടിയ കേസിൽ 18 പേർ അറസ്റ്റിൽ. എസ്എസ്‌വി സെക്യൂരിറ്റി ജീവനക്കാരായ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കഴിഞ്ഞദിവസം പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍നിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ല എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരത്ത് തോക്ക് പിടികൂടിയ സംഭവത്തിന് പിന്നാലെ പൊലീസ് പരിശോധ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ തോക്ക് പിടികൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

രജൗരിയിൽ നിന്ന് കൊണ്ടുവന്ന തോക്കുകൾ കൊച്ചിയിൽ ഉപയോഗിക്കുമ്പോൾ ഇവിടുത്തെ എടിഎമ്മിന്‍റെ അനുമതി കൂടി ആവശ്യമാണ്. എന്നാൽ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കശ്മീർ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരിൽ സൂപ്പർവൈസർ വിനോദ് കുമാറും ഉൾപ്പെടുന്നു. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.