കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടന്മാരായ ദുല്‍ഖര്‍ സല്‍മാനെയും അമിത് ചക്കാലക്കലിനെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉടന്‍ നോട്ടീസ് അയക്കും. ഇരുവരുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ ഇ.ഡി. ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദുല്‍ഖര്‍ സല്‍മാനെയും അമിത് ചക്കാലക്കലിനെയും കൂടാതെ നടന്‍ പൃഥ്വിരാജിന്റെ വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇരുവരുടെയും വീടുകളില്‍ നിന്ന് വാഹനങ്ങളുടെ രേഖകളും മറ്റ് സുപ്രധാന രേഖകളും ഇ.ഡി. പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ചെന്നൈയിലായിരുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാനെ ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ വീട്ടിലേക്ക് ഇ.ഡി. വിളിച്ചുവരുത്തിയിരുന്നു. കടവന്ത്ര ഇളംകുളത്തുള്ള വീട്ടിലും പനമ്പിള്ളി നഗറിലുള്ള വീട്ടിലുമായിരുന്നു ഇന്നലെ രാവിലെ ഏഴുമണി മുതല്‍ ഇ.ഡി. സംഘം പരിശോധന നടത്തിയത്. പനമ്പിള്ളി നഗറിലെ വീടിനടുത്തുള്ള ഗാരേജില്‍ എട്ടോളം പഴയ വാഹനങ്ങളാണ് ഇപ്പോഴുള്ളതെന്നാണ് വിവരം.
ദുല്‍ഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങള്‍ ഇ.ഡി. സംഘം തേടിയിട്ടുണ്ട്. കേസില്‍ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.
നേരത്തെ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇ.ഡി.യുടെ റെയ്ഡ്. നേരത്തെ കസ്റ്റംസ് ദുല്‍ഖറില്‍ നിന്ന് മൂന്ന് കാറുകള്‍ പിടിച്ചെടുത്തിരുന്നു. 2004 മോഡല്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിക്കുകയും, വാഹനം വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കാന്‍ കസ്റ്റംസിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇ.ഡി. പരിശോധന നടന്നത്.