ശബരിമലയും ഓപറേഷന്‍ കനകബിന്ദുവും; പിണറായി വിജയന്‍ മാത്രം അറിഞ്ഞു നടപ്പാക്കിയത്; പാര്‍ട്ടി സെക്രട്ടറിയോ മന്ത്രിമാരോ പോലും അറിഞ്ഞില്ല; അയ്യപ്പന്റെ പേരില്‍ സി.പി.എമ്മില്‍ ചേരിതിരിവ്

Jaihind Webdesk
Friday, January 4, 2019

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിന്റെ പേരില്‍ ഭക്തര്‍ക്കിടയില്‍ മാത്രമല്ല പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും എതിര്‍പ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും പരസ്യമായി മുഖ്യമന്ത്രിയെ അനുകൂലിക്കുന്നുണ്ടെങ്കിലും രഹസ്യമായി അവരുടെ വിയോജിപ്പ് അറിയിച്ചുകഴിഞ്ഞുവെന്നാണ് വിവരം. പാര്‍ട്ടിയെക്കാള്‍ വളര്‍ന്ന പിണറായിയുടെ പുതിയ രീതികള്‍ പാര്‍ട്ടി സെക്രട്ടറി പോലും അറിയാറില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതിനേക്കാള്‍ ബി.ജെ.പിക്കെതിരെ തന്റെ ശക്തിതെളിയിക്കുക എന്ന അജണ്ടയിലാണ് പിണറായിയുടെ നീക്കങ്ങളെന്ന് എതിര്‍ചേരിയിലുള്ളവര്‍ വിലയിരുത്തുന്നു. ശബരിമല ഭക്തവിരുദ്ധ നിലപാടിലൂടെ വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകന്നതായി സി.പി.എം കരുതുന്നുണ്ട്. ബി.ജെ.പിക്ക് അക്രമത്തിനും കലാപത്തിനും വഴിമരുന്നിട്ടുകൊടുക്കുന്നതിനും ഇത് കാരണമായി.

ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ മകനും കോട്ടയം എസ്.പിയുമായ ഹരിശങ്കറിനെയാണ് പിണറായി ഓപ്പറേഷന്‍ കനകബിന്ദു ഏല്‍പ്പിച്ചിരുന്നത്. ഡിസംബര്‍ 24 ന് ശബരിമലയിലെത്തിയ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും അന്നു തന്നെ കോട്ടയം എസ്.പി. പ്രത്യേകം സ്ഥലം കണ്ടത്തി പാര്‍പ്പിച്ചു. ഇതിനെല്ലാം പിണറായിയുടെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ കോടിയേരി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കടകംപള്ളി സുരേന്ദ്രനും പത്മകുമാറും അടക്കമുള്ളവരില്‍ നിന്നും മറച്ചു വെച്ചു. എന്നാല്‍ ശങ്കര്‍ദാസിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന

വനിതാമതിലിന്റെ അടുത്തദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തരുതെന്നായിരുന്നു കോടിയേരിയുള്‍പ്പെടെയുള്ളവ നേതാക്കള്‍ക്ക്. വനിതാ മതിലിന്റെ പിറ്റേന്ന് തന്നെ യുവതികളെ മലകയറ്റണമെന്ന തീരുമാനം പിണറായി നേരിട്ട് എടുത്തതാണ്. ഇതിന് തയ്യാറുള്ളവരെ അന്വേഷിക്കുകയായിരുന്നു പിണറായി. കനകദുര്‍ഗയും ബിന്ദുവും അവിചാരിതമായി ഇവരുടെ കൈയില്‍ വീണു. ഹരിശങ്കറാണ് ഇവരെ ഉപയോഗിക്കാമെന്ന സന്ദേശം പിണറായിക്ക് നേരിട്ട് കൈമാറിയത്.

ശബരിമലയിലെ യുവതീപ്രവേശവുമായി പാര്‍ട്ടിയെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ് എന്‍.എസ്.എസിന്റെ നിലപാട്. പരസ്പരം ശക്തമായി വിമര്‍ശിക്കുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി സമവായത്തിലെത്താനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്‍.എസ്.എസുമായി അടുപ്പമുള്ളയാളാണ് പാര്‍ട്ടി സെക്രട്ടറി എന്നതും ഗുണമുണ്ടാകുമെന്ന് കരുതി. എന്നാല്‍ ഓപറേഷന്‍ കനകബിന്ദുവിലൂടെ യുവതികള്‍ പ്രവേശിച്ചതിലൂടെ എന്‍.എസ്.എസുമായുള്ള സമവായ നീക്കങ്ങള്‍ക്കുള്ള അവസാന സാധ്യതയും അടഞ്ഞതായി കരുതുന്നു. എല്ലാം ഇല്ലാതാക്കിയത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമനോഭാവമാണ്. പിണറായി ഇല്ലാതായാല്‍ മാത്രമേ കോടിയേരിക്ക് മേല്‍ഗതിയുള്ളു. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ഇതു പോലെ കോടിയേരി ധിക്കരിച്ചിട്ടുണ്ട്. അന്ന് അച്യുതാനന്ദനുമായുള്ള കോടിയേരിയുടെ ബന്ധം പിണറായിയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.