പ്രളയത്തിന്‍റെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, September 17, 2018

തിരുവനന്തപുരം: പ്രളയത്തിന്‍റെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതിയിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും മുന്നൊരുക്കങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിൽ കൺവെൻഷനും നേതൃയോഗവും സംഘടിപ്പിച്ചത്. നിരവധി പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയത്.

https://www.youtube.com/watch?v=PTYilG1Dbpc

പെട്രോൾ നികുതിയിലൂടെ 11 ലക്ഷം കോടി രൂപയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ ജനങ്ങളിൽ നിന്നും കൊള്ളയടിച്ചതെന്നും. പെട്രോൾ വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനുമാണ് സന്തോഷമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഡാം ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും ആർക്കും നൽകിയില്ല.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഫണ്ട് പിരിക്കുന്നതെന്നും
പണപിരിവ് നടത്തുന്നതിന്‍റെ ആവേശം ജനങ്ങൾക്ക് നൽകുന്നതിൽ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, കെ.എസ് ശബരീനാഥൻ എം.എൽ.എ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജൻ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബീമാപള്ളി റഷീദ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു.