ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പലതും സർക്കാർ മുക്കി’; ‘വലിയ ബിംബങ്ങളൊക്കെ വീണുടഞ്ഞു, രൂക്ഷമായി വിമർശിച്ച് ടി. പദ്മനാഭൻ

Jaihind Webdesk
Thursday, August 29, 2024

 

എറണാകുളം: സിനിമ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യക്കാരൻ ടി. പദ്മനാഭൻ. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാൻ പറഞ്ഞ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് കുറേ കടലാസുകൾ സർക്കാർ മുക്കി വെച്ചെന്നും എന്തിനായിരുന്നു ഇതെന്നും അദ്ദേഹം ചോദിച്ചു. ഹേമ കമ്മീഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി. പദ്മനാഭൻ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ നടന്ന വെള്ളിത്തിരയിലെ വിലാപങ്ങള്‍ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മ എന്ന സംഘടന എന്തിനായിരുന്നു. താര ഷോ സംഘടിപ്പിക്കും, ദരിദ്രരായ കലാകാരന്മാർക്ക് മാസവേതനങ്ങൾ നൽകും തുടങ്ങിയവയായിരുന്നു സംഘടന ചെയ്തു വന്നിരുന്നത്. എന്നാൽ ഇതിന്‍റെയൊക്കെ മറവിൽ ചെയ്തിരുന്നത് വളരെ സങ്കടകരമായ പ്രവൃത്തികളല്ലേ? ഇപ്പോൾ ഓരോന്നോരോന്നായി പുറത്തുവന്നിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് അവർ ചർച്ച ചെയ്തിട്ടേ ഇല്ലാല്ലോ. അറിഞ്ഞ ഭാവം തന്നെ വന്നത് ഇപ്പോഴല്ലേ. ഇങ്ങനെ ഒരു സംഘടനയെക്കൊണ്ട് എന്താണ് ഒരു ഉപകാരം എന്ന് സ്വയം ചോദിച്ചു പോകുന്നില്ലേ- പത്മനാഭൻ ചോദിച്ചു.

സാംസ്കാരിക മന്ത്രി സജി ചെറിയാനെയും ടി. പദ്മനാഭൻ വിമര്‍ശിച്ചു. സാംസ്‌കാരിക മന്ത്രിയുടേത് നിഷ്കളങ്കമായ സത്യപ്രസ്താവനയെന്നായിരുന്നു പരിഹാസം. അതേസമയം മുകേഷിന്‍റെ കാര്യത്തിൽ ഇടതുപക്ഷം പുനർചിന്തനം നടത്തേണ്ടതാണ്. അദ്ദേഹത്തെ നയരൂപീകരണ കമ്മിറ്റിയിൽ ഇപ്പോഴും വെച്ചിരിക്കുകയാണ്. ഇതിൽ എന്ത് മെച്ചമാണെന്ന് അറിയില്ല. മുകേഷിനെ പാർട്ടി രാജിവെപ്പിക്കണം. അതിനൊന്നും ഇടവരുത്താതെ മുകേഷ് സ്വയം മാറി നിൽക്കുന്നതായിരിക്കും നല്ലതെന്നും പത്മനാഭൻ പറഞ്ഞു.

സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടയിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇരയുടെ ഒപ്പം ആണ് സര്‍ക്കാര്‍ എന്ന് പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ധീരയായ പെൺകുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി. പദ്മനാഭൻ വിമര്‍ശിച്ചു. പല കടലാസുകളും എവിടെയെന്ന് ചോദിച്ച ടി. പദ്മനാഭൻ പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചു.

ഹേമാ കമ്മിറ്റിയിൽ കുറേ ഭാഗങ്ങൾ ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇനിയും എത്രയോ ആളുകൾ വരാനുണ്ട് എന്നാണ് ഊഹിക്കേണ്ടത്. എല്ലാ കാർഡുകളും മേശ പുറത്തിടണം എന്നാൽ മാത്രമേ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകു. നമ്മൾ മനസ്സിൽ സൂക്ഷിച്ചു വെച്ച ബിംബങ്ങളല്ലേ നിത്യേന ഉടഞ്ഞു വീഴുന്നത്- ടി. പത്മനാഭൻ പറഞ്ഞു.