വിദ്യാർഥികളിൽ നിന്നും പണം സമാഹരിച്ചു വാടക നൽകി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍

പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകുമ്പോഴും വാടക കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിക്കുകയാണ് മലപ്പുറത്തെ ഒരു സർക്കാർ സ്‌കൂൾ. വിദ്യാർഥികളിൽ നിന്നും പണം സമാഹരിച്ചു വാടക നൽകിയാണ് പൊന്മുണ്ടം ഹയർസെക്കൻഡറി സ്‌കൂളിന്‍റെ പ്രവർത്തനം.

മലപ്പുറം ജില്ലയിലെ പൊൻമുണ്ടം ഗവ.ഹയർസെക്കണ്ടറി സ്‌കൂളിനൊരു പ്രത്യേകതയുണ്ട്. വിദ്യാർത്ഥികൾ സ്‌കൂൾ കെട്ടിടത്തിന് വാടക കൊടുത്തു പഠിക്കുന്നു എന്ന പ്രത്യേകത.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സ്‌കൂൾ പ്രവർത്തിക്കുന്നത് 32 സെൻറ് സ്ഥലത്ത്. 45 ക്ലാസ് മുറികളിൽ 18ഉം വാടക കെട്ടിടത്തിൽ. പകുതി മുറികളുടെയും, സ്‌കൂൾ ബുക് സ്റ്റോറിന്‍റെയും വാടക നൽകുന്നത് പോലും കുട്ടികളിൽ നിന്നും സമാഹരിച്ചാണ്.

സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായുള്ളത് ഒരു ലാബ് മാത്രം. ഒറ്റ മുറിയിൽ പ്രവർത്തിക്കുന്നത് കമ്പ്യൂട്ടർ റൂമും, ലൈബ്രറിയും, ഓഫീസും, സ്റ്റാഫ് റൂമും, റെക്കോർഡ് റൂമും. 1500 വിദ്യാർത്ഥികൾക്ക് ആകെയുള്ളത് ആറായി തിരിച്ച ഒരേ ഒരു ശുചിമുറി മാത്രം. പൊൻമുണ്ടം സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിന്‍റെ ദയനീയ കഥ ഇങ്ങനെ തുടരും.

സ്വന്തമായി മൈതാനമില്ലാത്തതിനാൽ സ്‌പോർട്‌സിൽ മിടുക്കരായവരെ മറ്റ് വിദ്യാലയങ്ങളിലേക്ക് പറഞ്ഞ് വിടേണ്ട നിസഹായവസ്ഥയിലാണ് ഇവിടത്തെ അദ്ധ്യാപകർ. റോഡിനു സമീപത്തെ സ്‌കൂളിന് ചുറ്റുമതിലില്ല. സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം സ്ഥലം കണ്ടെത്താൻ ശ്രമം നടന്നെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല.

https://youtu.be/acxmbQAnnCQ

Comments (0)
Add Comment