യൂണിവേഴ്സിറ്റി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന അഴിമതിയുടെ വ്യാപ്തി വളരെ വലുതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിയന്ത്രണത്തിലുള്ള കോളേജുകളില്ലെല്ലാം വ്യാപക അഴിമതിയും കുംഭകോണവും നടക്കുന്നുവെന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. ക്യാമ്പസ് പ്രവേശനത്തില്‍ പോലും എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്‍റെയും ഇടപെടല്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്യാമ്പസുകളില്‍ ഏകസംഘടന മതിയെന്ന സി.പി.എം നിലപാട് അഴിമതിക്കുള്ള അരങ്ങൊരുക്കലാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. കുത്തുകേസ് പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെടുക്കുന്നു, വ്യാജ സീലുകള്‍ കണ്ടെത്തുന്നു, കോപ്പിയടിക്കാനുള്ള സൗകര്യം ചെയ്തു നല്‍കുന്നു ഇതെല്ലാം അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്ന സംഭവങ്ങളാണ്. സ്‌പോട്ട് അഡ്മിഷൻ പോലെയുള്ള പ്രവേശന രീതികളിൽ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്‍റെയും ഇടപെടൽ ഞെട്ടിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പി.എസ്.സിയുടെ വിശ്വാസ്യതയും യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ നടത്തിപ്പും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഗവർണര്‍ ഈ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാന്‍സിലർ എന്ന നിലയിൽ യൂണിവേഴ്‌സിറ്റി ക്രമക്കേടിൽ ഇടപെടാനുള്ള അധികാരം ഗവർണർക്കുണ്ട്. ഓരോ സംഭവമുണ്ടാകുമ്പോഴും ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് നിസാരവത്ക്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കുറ്റവാളികൾക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടമായിരിക്കുന്നു. അതിനാൽ ഗവർണർ തന്‍റെ അധികാരം ഉപയോഗപ്പെടുത്തി പി.എസ്.സിയുടെയും യൂണിവേഴ്‌സിറ്റിയുടെയും വിശ്വാസ്യത നിലനിർത്താൻ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് എസ്.ഐ ബിജുവിനെ സ്ഥലം മാറ്റിയത്. പകരം നിയോഗിച്ച ആളെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമം. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതും കുറ്റവാളികളെ വെള്ളപൂശാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും പി.എസ്.സി ചെയർമാനും രാജിവെക്കേണ്ട സമയം അതിക്രമിച്ചു. വ്യാപം പോലെയുള്ള അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്നും ഇക്കാരണത്താലാണ് പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. സർക്കാരിനെതിരായ സമരപരിപാടികൾക്കും യോഗത്തിൽ രൂപം നൽകി. സർക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി യു.ഡി.എഫ് ഈ മാസം 25ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. 26 ന് രക്തസാക്ഷി മണ്ഡപത്തിൽ ജനകീയ ജാഗ്രതാ സദസ് സംഘടിപ്പിക്കും.