സാലറി കട്ടിലെ ഇരട്ടത്താപ്പ് വിവാദത്തില്‍ : കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ തൊടാതെ സർക്കാർ ; ജീവനക്കാരുടെ സംഘടനകളുമായി നാളെ ചർച്ച

Jaihind News Bureau
Monday, September 21, 2020

 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ സാലറി കട്ടില്‍ ഇരട്ടത്താപ്പ് വിവാദം. കണസള്‍ട്ടന്‍സി വഴി നിയമനം ലഭിച്ച ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാലറി കട്ട് ബാധകമല്ല. നാളെ ചേരുന്ന യോഗത്തില്‍ 5 മാസത്തേക്ക് സാലറി കട്ട് നടപ്പിലാക്കാന്‍ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

സാലറി കട്ട് വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നാളെ നിര്‍ണായക യോഗം ചോരാനിരിക്കെയാണ് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് നടപടി ചർച്ചയാകുന്നത്. കെ.പി.എം.ജി അടക്കമുള്ള കണ്‍സള്‍ട്ടന്‍സികള്‍ വഴി നിയമനം നേടിയ ഉദ്യോഗസ്ഥര്‍ക്ക് സാലറി കട്ട് ബാധകമല്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെ പോലെ കണ്‍സള്‍ട്ടന്‍സി വഴി പിന്‍വാതില്‍ നിയമനം നേടിയ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവർക്ക് സാലറി കട്ട് ബാധകമാകുന്നില്ല എന്നതാണ് വിവാദമാകുന്നത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നിയമോപദേശത്തിന് കെ.പി.എം.ജി വഴി നിയമിച്ച കണ്‍സള്‍ട്ടന്‍റുകള്‍ക്ക് മാസം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ശമ്പളം നല്‍കുന്നത്. എന്നാല്‍  ഇവര്‍ക്ക് ഈ സാലറി കട്ട് ബാധകമല്ല. ചീഫ് സെക്രട്ടറിക്ക് പോലും മാസം ലഭിക്കുന്നത് രണ്ടര ലക്ഷം രൂപയാണ് എന്നിരിക്കെയാണ് ഉയര്‍ന്ന വേതനം നല്‍കി കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ അരങ്ങ് തകർക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ കഴിവ് കെട്ടവരായി വരുത്തിത്തീര്‍ക്കാനാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്നത് 4,000 കോടിയായി കുറഞ്ഞുവെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. വർഷം ശമ്പളവും പെൻഷനും നൽകാൻ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5,000 കോടിയാണ് കിട്ടുന്നത്. വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തിൽ സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സർക്കാർ നിർബന്ധിതമാകും. സ്ഥിരനിയമനക്കാരേക്കാള്‍ ഉയർന്ന ശമ്പളമുള്ള കരാര്‍ നിയമനക്കാർക്ക് സാലറി കട്ട് വേണ്ടെന്ന സർക്കാരിന്‍റെ ഇരട്ടത്താപ്പിനെതിരെയും പ്രതിഷേധം ശക്തമാണ്.

നേരത്തെ നിശ്ചയിച്ച ആറ് മാസത്തെ സാലറി കട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ ശമ്പളം പിടിക്കാന്‍ തീരുമാനമായേക്കുമെന്നാണ് സൂചന.  20,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് പിടിത്തമുണ്ടാകില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ കടുത്ത ധൂര്‍ത്തും സ്വജനപക്ഷപാതവും തുടരുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരെ മാത്രം ദുരിതത്തിലാക്കുന്ന നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.