വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു; ജനങ്ങള്‍ക്ക് സർക്കാരിന്‍റെ ഇരട്ട പ്രഹരം

Jaihind Webdesk
Friday, November 3, 2023

 

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌ വർധിപ്പിച്ചതിന് പിന്നാലെ ജനങ്ങൾക്കു ഇരട്ട പ്രഹരമായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ ഇനി മുതൽ എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂടുമെന്ന മുന്നറിയിപ്പ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നൽകിയിരിക്കുകയാണ്.

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. ഇതിന് തൊട്ടുപിന്നാലെയാണ് വെള്ളക്കരം കൂട്ടുനുള്ള ശ്രമം സർക്കാർ ഊർജിതമാക്കിയത്. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥ മറയാക്കിയാണ് നീക്കം ശക്തമാക്കിയത്.

2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന നിലവിൽ വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്ന കേന്ദ്ര നിർദേശത്തിന്‍റെ ചുവടുപിടിച്ച് നിരക്ക് കുത്തനെ കൂട്ടുവാനുള്ള ഗൂഢനീക്കമാണ് സജീവമായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ വർധിപ്പിച്ചിരുന്നു. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ മറ്റൊരു ഇരുട്ടടി നൽകിക്കൊണ്ട്
എല്ലാവർഷവും വൈദ്യുതിനിരക്ക് വർധിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയും പുറത്തുവന്നു. വൈദ്യുതി നിരക്ക് വർധനയും സ്ഥിരം സംവിധാനമാക്കുമെന്ന് സൂചനയാണ് ഇതിലൂടെ മന്ത്രി കൃഷ്ണൻകുട്ടി നൽകിയിരിക്കുന്നത്. വിലക്കയറ്റത്തിലും നികുതിഭാരത്തിലും പൊറുതിമുട്ടുന്ന ജനങ്ങൾക്കു മേൽ അധികഭാരങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ഇടതു സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ തുടരുകയാണ്. സർക്കാരിന്‍റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.