സര്‍ക്കാര്‍ ഉത്തരവ് നഗരസഭാ ചെയര്‍പേഴ്സണെ രക്ഷിക്കാനുള്ള കുരുട്ടുവിദ്യ: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 6, 2019

ramesh chennithala

തിരുവനന്തപുരം: ആന്തൂറില്‍ അത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നഗരസഭാ ചെയര്‍ പേഴ്സണ്‍ പി.കെ ശ്യാമളയെ രക്ഷിച്ചെടുക്കുന്നതിനുള്ള കുരുട്ടുവിദ്യ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചട്ടലംഘനങ്ങള്‍ അടിയന്തരമായി പരിഹരിച്ചാല്‍ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത് വിചിത്രമായ ഉത്തരവാണ്. ചട്ടലംഘനം പരിഹരിച്ചാല്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ പ്രത്യേകിച്ച് ഉത്തരവിടേണ്ട കാര്യമുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിക്കാന്‍ നഗരസഭ മനപൂര്‍വം കുത്തിപ്പൊക്കിയ തടസവാദങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും അവ പരിഹരിക്കാന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയോട് ആവശ്യപ്പെടുകയുമാണ് യഥാര്‍ത്ഥത്തില്‍ ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വികലാംഗര്‍ക്ക് വീല്‍ചെയര്‍ കയറ്റാനുള്ള റാമ്പിന് ചരിവ് കുറഞ്ഞു, ബാല്‍ക്കണിയുടെ വീതി കൂടിപ്പോയി, ജലസംഭരണി പണിതത് തുറസായ സ്ഥലത്താണ് തുടങ്ങിയ നിസാര കാരണങ്ങള്‍ പറഞ്ഞാണ് ഈ വലിയ സംരംഭത്തിന് നഗരസഭ അനുമതി നിഷേധിച്ചത്. അതിനെത്തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തത്. നഗരസഭ കുത്തിപ്പൊക്കിയ ഈ കുഴപ്പങ്ങള്‍ പരിഹരിച്ചാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതായത് നഗരസഭയുടെ നിലപാടിനെ സര്‍ക്കാര്‍ മറ്റൊരു വഴിയിലൂടെ ശരിവെക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ സാജന്‍റെ മരണത്തിന് യഥാര്‍ത്ഥ ഉത്തരവാദിയായ ചെയര്‍പേഴ്സണെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയിരിക്കുന്നത്.

സാജന്‍റെ ജീവത്യാഗത്തിന് പോലും സര്‍ക്കാര്‍ വില കല്‍പിക്കുന്നില്ല. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരിക്കാന്‍ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ പാടെ തള്ളിക്കളഞ്ഞ് നിരുപാധികമായി ലൈസന്‍സ് നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.