‘മത്സ്യത്തൊഴിലാളികളോട് സര്‍ക്കാരിന് അവഗണന’; രൂക്ഷവിമർശനവുമായി കൊല്ലം രൂപതയുടെ ഇടയലേഖനം

Jaihind Webdesk
Sunday, October 23, 2022

 

കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം രൂപതയുടെ ഇടയലേഖനം. വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കടലിന്‍റെ മക്കളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധമുയർത്തിയുമാണ് കൊല്ലം രൂപതയിലെ ഇടവകകളിൽ ഇന്ന് ബിഷപ്പ് ഡോ. പോൾ ആന്‍റണി മുല്ലശേരിയുടെ ഇടയലേഖനം വായിച്ചത്.

പാവപ്പെട്ടവന്‍റെ പക്ഷം എന്നവകാശപ്പെടുന്ന ഇടതു സർക്കാർ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് കാണിച്ചുകൊണ്ടിരിക്കുന്നത് ധാർഷ്ട്യവും നീതിനിഷേധവുമാണെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു. തീരദേശ ജനതയുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും മേൽ ആശങ്കാജനകമാംവിധം കടന്നുകയറ്റങ്ങൾ നടക്കുമ്പോഴും പൊള്ളയായ വാഗ്ദാനങ്ങളും തെറ്റിദ്ധാരണകളും താൽപരകക്ഷികൾ പരത്തുകയാണെന്ന് ബിഷപ്പ് ഇടയ ലേഖനത്തിൽ കുറ്റപ്പെടുത്തി.

തീരദേശ ജനതയുടെ ജീവനും സ്വത്തും ഉപജീവനമാർഗങ്ങളും സംരക്ഷിച്ച് കേരള തീരദേശങ്ങളെ മുഴുവൻ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള പോരാട്ടമാണ് മത്സ്യത്തൊഴിലാളികൾ നടത്തുന്നതെന്ന് സർക്കാർ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം രൂപത ഇടയ ലേഖനമിറക്കിയത്. കൊല്ലം തീരദേശ മേഖലയിൽ നിന്ന് വിവിധ പദ്ധതികളുടെ പേരിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കുന്നതിനെതിരെയും തീരദേശ പാതയുടെ പേരിൽ മത്സ്യത്തൊഴിലാളികളുടെ അവശേഷിക്കുന്ന ഭൂമി കൂടി പിടിച്ചെടുക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയുമാണ് ഇടയ ലേഖനം പള്ളികളിൽ വായിച്ചത്.