ജീവനക്കാരെ പട്ടിണിക്കിടാനാവില്ല, കെഎസ്ആർടിസിക്ക് 103 കോടി നല്‍കണം; സർക്കാരിനോട് ഹൈക്കോടതി

 

കൊച്ചി: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ അടിയന്തരമായി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഈ തുക നല്‍കണമെന്നും കോടതി നിർദേശം നൽകി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹ‍ര്‍ജി പരിഗണിക്കവേ, സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയത്. ശമ്പള വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്‌ആര്‍ടിസിയുടെ നിലപാട്‌അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവര്‍ത്തന മൂലധന സഹായം വേണമെന്ന കെഎസ്‌ആര്‍ടിസിയുടെ ആവശ്യത്തിന്മേല്‍ മറുപടി അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.

Comments (0)
Add Comment