ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Jaihind News Bureau
Saturday, March 7, 2020

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ. ആഗോള തലത്തിലാണ് കേന്ദ്ര സർക്കാർ താൽപര്യ പത്രം ക്ഷണിച്ചത്. മെയ് രണ്ടിനകം അപേക്ഷ നൽകണം. ബിപിസിഎല്ലിന്‍റെ 52.98 ശതമാനം ഓഹരികൾ വിൽക്കാനാണ് തീരുമാനം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തള്ളിയാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

കഴിഞ്ഞ നവംബറിലാണ് ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്. ബിപിസിഎൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഓഹരി വാങ്ങാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാനാകില്ല. 10 ബില്യണ്‍ ഡോളർ അറ്റാദായം ഉള്ളവർക്ക് അപേക്ഷ നൽകാം. നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎൽ. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ കമ്പനിക്ക് മൂന്ന് റിഫൈനറികളുണ്ട്.