ആശമാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് സര്‍ക്കാര്‍; ആവശ്യങ്ങളില്‍ ഉറച്ച് ആശമാര്‍

Jaihind News Bureau
Wednesday, March 19, 2025

ഒടുവില്‍ ആ വിളി വന്നു…ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ. എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടക്കുക. ഇന്നുച്ചയ്ക്ക് 12.30യ്്ക്ക് തിരുവനന്തപുരത്തായിരിക്കും ചര്‍ച്ച നടക്കുക. ഇതിലെ പുരോഗതി അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.

ആശാ വര്‍ക്കര്‍മാര്‍ സമരത്തിന്റെ 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചതോടെ സമരക്കാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു സര്‍ക്കാര്‍. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാര്‍ പറഞ്ഞു.