സമ്പൂർണ്ണ ലോക്ക്ഡൗണ്‍ അനിവാര്യം’ സർക്കാരിന്‍റെ നിഷ്ക്രിയത്വം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, May 4, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും കൊവിഡ് വ്യാപനത്തെ തടയാന്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നും സര്‍ക്കാരിന്‍റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഗുരുതരമായ ഒരു സാഹചര്യത്തില്‍ സർക്കാർ അവലംബിക്കുന്ന കെടുകാര്യസ്ഥത രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ത്ഥ വിവരം ജനങ്ങളുമായി പങ്കുവെക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാജ്യതലസ്ഥാനത്തുള്‍പ്പെടെ നിരവധി പേരാണ് പ്രാണവായു ലഭിക്കാതെ മരിക്കുന്ന സാഹചര്യമുണ്ടായത്. ആവശ്യത്തിന് മെഡിക്കല്‍ ഓക്സിജന്‍ യഥാസമയം ലഭ്യമാക്കാന്‍ കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ല. കഴിഞ്ഞദിവസം കർണാടകയിലും നിരവധി പേർ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. മരിച്ചതാണോ അതോ കൊന്നതാണോ എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിനെയും രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.