ശബരിമലയില്‍ അടിസ്ഥാന സൗകര്യം പോലുമില്ല ; സർക്കാർ പരാജയമെന്ന് തിരുവഞ്ചൂര്‍ : യു.ഡി.എഫ് സംഘം ശബരിമല സന്ദർശിച്ചു

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനായി നിലയ്ക്കലിലും പമ്പയിലും യു.ഡി.എഫ് എം.എൽ.എമാരുടെ സംഘം നടത്തിയ സന്ദർശനത്തിന് ശേഷം പമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ തീര്‍ത്ഥാടകർക്കായുള്ള മുന്നൊരുക്കങ്ങൾ സര്‍ക്കാര്‍ വഴിപാടായി മാത്രമാണ് നടത്തിയത്. പമ്പയിലെ ടോയ്‌ലറ്റ്‌ സൗകര്യവും, ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യവും ഒരുക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഒരു വര്‍ഷം സമയം ലഭിച്ചിട്ടും ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിച്ചു എന്ന് പറയുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫ് എം.എല്‍.എമാരുടെ സംഘം ഭക്തരോട് നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞും സ്ഥലം സന്ദർശിച്ചും കാര്യങ്ങൾ വിലയിരുത്തി. ശബരിമലയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലും സംഘം സന്ദർശനം നടത്തി. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി. തീര്‍ത്ഥാടന ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷം ലഭിച്ചിട്ടും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യവും, കുടിവെള്ളവും ഉള്‍പ്പെടെ ഒന്നും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിവെച്ച കാര്യങ്ങള്‍ അതേ രീതിയില്‍ തന്നെ നിലനില്‍ക്കുകയാണെന്നും എം.എല്‍.എമാര്‍ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കുമെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ പറഞ്ഞു. പി.ജെ ജോസഫ്, വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് തുടങ്ങിയവരും
സംഘത്തിലുണ്ടായിരുന്നു.

SabarimalaUDF Team
Comments (0)
Add Comment