വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണം: വിഡി സതീശന്‍

മലപ്പുറം : വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വഖഫ് വിഷയത്തിൽ യുഡിഎഫിൽ ഏകാഭിപ്രായമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.

വഖഫ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിൽ സർക്കാർ പിടിവാശി കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാർ നടപടിയെ എതിർക്കുന്നവർക്ക് വർഗീയതയുണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. കേന്ദ്ര നിയമത്തിന് എതിരാണ് സർക്കാർ നടപടിയെന്നും സർക്കാർ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബിൽ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ സർക്കാർ ചർച്ചയ്ക്ക് തയാറാവണമായിരുന്നു. ഇപ്പോഴെങ്കിലും തീരുമാനം പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. വഖഫ് ബോർഡ് അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന എൽഡിഎഫ് നയത്തിനെതിരെ കെപിസിസി ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതിനായി സർക്കാർ പറയുന്ന ന്യായങ്ങൾ നിലനിൽക്കില്ലെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹുസൈൻ മടവൂർ. സർക്കാരിൻ്റെ തിടുക്കത്തിൻ്റെ കാരണം അറിയില്ല. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും വഖഫ് ബോർഡ് നേരിട്ടാണ് നിയമനം നടത്തുന്നത പിന്നെ കേരളത്തിൽ മാത്രം ഇത്തരത്തിൽ മാറ്റം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment