സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് എന്‍.ഐ.എ ; വീണ്ടും ചോദ്യം ചെയ്തേക്കും

 

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തു. പേരൂർക്കട പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. അഞ്ചു മണിക്കൂറിലേറെ എന്‍.ഐ.എ സംഘം ശിവശങ്കരനെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ പൂജപ്പുരയിലെ വീട്ടിലേക്ക് മടങ്ങി. വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടതനുസരിച്ചാണ് ശിവശങ്കർ എത്തിയത്. വൈകിട്ട് 4 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 9 മണി വരെ നീണ്ടു. രാജ്യദ്രോഹക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്. കള്ളക്കടത്ത് സംഘത്തോട് ഇടപെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണോ, ഇവരുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ, ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് അറിയേണ്ടത്.

അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുകയാണ്. സി.സി ടി.വി ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന്‍റെ ഹൗസ് കീപ്പിംഗ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി ഹണിയിൽനിന്നും എൻ.ഐ.എ വിവരങ്ങൾ തേടി. സി.സി ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്നായിരുന്നു നേരത്തെ സർക്കാർ കസ്റ്റംസിന് നൽകിയ മറുപടി.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. പ്രതികളുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമായിരുന്നു. ഒന്നാം പ്രതി സരിത്ത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. നേരത്തെ ഒമ്പത് മണിക്കൂറോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് ഇന്ന് രാത്രി വീണ്ടും ചോദ്യം ചെയ്യും.

Comments (0)
Add Comment