സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ എൻഐഎ നാളെ വീണ്ടും ചോദ്യം ചെയ്യും; ഉന്നത ഉദ്യോഗസ്ഥ സംഘം കൊച്ചിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.  ചോദ്യം ചെയ്യലിനായി എൻഐഎയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് കൊച്ചിയിലെത്തും. നുണപരിശോധനാ യന്ത്രം ഉൾപ്പടെയുള്ളവ ചോദ്യം ചെയ്യലിൽ ഉപയോഗിക്കുമെന്നാണ് സൂചന. അതിനിടെ എന്‍ഐഎ സ്വപ്‌നയില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിലുള്ളത് നിര്‍ണ്ണായക തെളിവുകളെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

അതേസമയം കേസില്‍ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. ഗൂഢാലോചന കേന്ദ്രങ്ങളിലടക്കം ശിവശങ്കറിന്‍റെ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങള്‍  ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ മറ്റ് 11 കേന്ദ്രങ്ങളില്‍ ഗൂഢാലോചന നടത്തിയതിന്‍റെ തെളിവുകളും എന്‍ഐഎക്ക് ലഭിച്ചു.

അഞ്ച് മണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികള്‍ കള്ളമാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. നുണ പറഞ്ഞാൽ തിരിച്ചറിയാനാകുന്ന ഉപകരണത്തിന്‍റെ സഹായത്തോടെയായിരുന്നു ചോദ്യംചെയ്യല്‍.

Comments (0)
Add Comment