മൂന്ന് പ്രതികളുമായും അടുപ്പമുണ്ടെന്ന് ശിവശങ്കര്‍; കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും

Jaihind News Bureau
Wednesday, July 15, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്ന് പ്രതികളുമായും അടുപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചത്. ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് വഴി മാറിയത്. സരിത്തിനെയും സന്ദീപിനേയും പരിചയപ്പെടുത്തിയത്  സ്വപ്നയാണെന്നും ശിവശങ്കര്‍ പറഞ്ഞതായാണ് സൂചന. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

നീണ്ട പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ  കസ്റ്റംസ് ചോദ്യം ചെയ്തത്. വൈകിട്ട് നാലരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്.  ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് സംഘവുമായുള്ള  ബന്ധവും അവരുമായിട്ടുള്ള ഇടപാടുകളുമാണ് കസ്റ്റംസ് ചോദിച്ചത്. എന്നാൽ കേസിലെ ഒന്നാം പ്രതി സരിത്തുമായും മൂന്നാംപ്രതി സന്ദീപ് നായരുമായുള്ള ബന്ധത്തെപ്പറ്റി വ്യക്തമായ ഉത്തരം പറയാൻ എം ശിവശങ്കർക്ക് കഴിഞ്ഞില്ല.

സമാന്തരമായി ആയി കസ്റ്റംസ് ഓഫീസിന് സമീപമുള്ള ആഡംബര ഹോട്ടലിൽ കസ്റ്റംസ് റെയ്ഡ് നടത്തി. രാത്രിയോടെ സന്ദീപിന്റെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി ശിവശങ്കറിന്റെ മൊഴി പൂർണ്ണമായും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. രാത്രി രണ്ടരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥരോടൊപ്പം പുറത്തേക്ക് വന്ന എം ശിവശങ്കറെ പൊലീസ് വീട്ടിലെത്തിക്കുകയായിരുന്നു. വീടിന്റെ പിൻവാതിലിലൂടെയാണ് ശിവശങ്കർ അകത്തുകയറിയത്.