കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍.ഐ.എ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയടക്കം സ്വര്‍ണ്ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിവെച്ചത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്ന് കോടതിയില്‍ എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
കേസിലെ പ്രതികൾ ഭാവിയില്‍ സ്വര്‍ണ്ണം കടത്താന്‍ ആസൂത്രണം നടത്തിയിട്ടുണ്ട്. ഇതിനായി സരിത് രേഖകള്‍ തയാറാക്കിയിരുന്നു. ഇതുസംബസിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. എൻ.ഐ.എയുടെ വാദം കേട്ട ശേഷം മറ്റൊന്നും പരിഗണിക്കാതെയാണ് കോടതി നടപടികള്‍ അവസാനിച്ചത്. ഡിജിറ്റല്‍ തെളിവുകളുടെ രേഖകള്‍ കിട്ടാന്‍ ഇനിയും സമയം എടുക്കുമെന്നാണ് എന്‍.ഐ.എ വാദിച്ചത്. സ്വപ്ന അടക്കം പത്ത് പ്രതികളാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
അതിനിടെ കേസില്‍ 5 പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു. അബ്ദു പി.ടി, ഷറഫുദീന്‍ കെ.ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത് എങ്കിലും ബുധനാഴ്ച വരെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച ഇവരുടെയും ജാമ്യാപേക്ഷ പരിഗണിക്കും.