സ്വർണ്ണക്കടത്ത് കേസ് : അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കോ ? സകല പ്രതിരോധവും പാളി സി.പി.എം

Jaihind News Bureau
Monday, October 12, 2020

 

തിരുവനന്തപുരം / കൊച്ചി : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പുറത്തുവന്നതോടെ ഹൃദയമിടിപ്പ് വർധിച്ച് സി.പി.എം നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡിക്ക് മുമ്പാകെ സ്വപ്ന വെളിപ്പെടുത്തിയതോടെ അന്വേഷണം പിണറായി വിജയനിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് സി.പി.എം.

സ്വർണ്ണക്കടത്ത് കേസിന്‍റെ തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായും പിണറായി വിജയനുമായും സ്വപ്നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ജയ്ഹിന്ദ് ന്യൂസ് അടക്കം സ്വപ്നയോടൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാൽ സ്വപ്നാ സുരേഷുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്വപ്നയും പിണറായി വിജയനുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പ്രതിപക്ഷം നടത്തുന്നത് എന്നായിരുന്നു സി.പി.എമ്മിന്‍റെ ന്യായീകരണം. എന്നാൽ ക്ലിഫ് ഹൗസിൽ വെച്ച് സ്വപ്ന അടക്കമുള്ളവരുമായി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും എം ശിവശങ്കറിനെ പിണറായി വിജയൻ സ്വപ്നക്ക് പരിചയപ്പെടുത്തി കൊടുത്തതിനെ കുറിച്ചുമെല്ലാം സ്വപ്ന എന്‍ഫോഴ്സ്മെന്‍റിന് മുന്നിൽ വെളിപ്പെടുത്തിയതിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ സി.പി.എം നേതാക്കൾ മൗനത്തിലായിരിക്കുകയാണ്. സ്വപ്നയുടെ മൊഴി പുറത്തുവന്നതോടെ പാർട്ടി നേതൃത്വം ഇനി എങ്ങനെ പ്രതിരോധിക്കും എന്നതിനാണ് രാഷ്ട്രീയ കേരളം കാതോർത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ പരാമർശം ചർച്ച ചെയ്യുന്ന ചാനൽ ചർച്ചകളിൽ പോലും ഇന്നലെ പാർട്ടി പ്രതിനിധികളെ സി.പി.എം പങ്കെടുപ്പിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ പാർട്ടി നേതാക്കൾ പലരും അസന്തുഷ്ടരാണ്. എന്നാൽ ഇത് പരസ്യമാക്കാൻ അവർ തയാറാകുന്നില്ല എന്നതാണ് സത്യം. അടുത്ത സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്നടക്കമുള്ള പല പ്രമുഖ നേതാക്കളും തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിക്കും എന്നാണ് സൂചന. പ്രതിസന്ധിയുടെ പടുകുഴിയിൽ അകപ്പെട്ട സി.പി.എമ്മിന് വരാനിരിക്കുന്നത് ഏറെ ദുർഘടമായ ദിനങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രിക്കെതിരായ മൊഴി പുറത്തുവന്നതോടെ സി.പി.ഐ അടക്കമുള്ള ഇടതുമുന്നണിയിലെ ഘടക കക്ഷികളും പ്രതിരോധത്തിലായിരിക്കുകയാണ്. സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത ഗുരുതര പ്രതിസന്ധിയിലൂടെ സംസ്ഥാന സി.പി.എം നേതൃത്വം കടന്നുപോകുമ്പോൾ പൊതുസമൂഹത്തോട് എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലാണ് പാർട്ടി നേതാക്കളും അണികളും.