കൊച്ചി: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. രാജ്യസുരക്ഷയെയും സമ്പത്തിനെയും ബാധിക്കുന്ന പ്രശ്നമാണിതെന്നും മുൻകൂർ ജാമ്യഹർജി പരിഗണിക്കരുതെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻ.ഐ.എ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്തില്‍ സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും പങ്കുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു.
രാജ്യസുരക്ഷയെയും സമ്പത്തിനെയും ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി സ്വപ്നയ്ക്ക് എതിരാണ്. എൻ.ഐ.എ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. സ്വപ്നയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിപുലമായ വാദം കേൾക്കേണ്ടതിനാൽ ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു.