ശബരിമലയിലെ ദ്വാരപാലക സ്വര്‍ണ്ണപ്പാളി ഇടപാടുകളില്‍ ദുരൂഹതയും തിരിമറിയുമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉണ്ണികൃഷ്ണന് പോറ്റി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരുടെ നടപടികളില്‍ കോടതി സംശയം പ്രകടിപ്പിച്ചു. സ്വര്‍ണ്ണപ്പാളികള്‍ പോറ്റിയെ ഏല്‍പ്പിക്കാനുള്ള ദേവസ്വം കമ്മീഷണറുടെ നിര്‍ബന്ധ നിലപാടും തീരുമാനവും ദുരൂഹമാണ്. സ്വര്ണ്ണപ്പണികള്ക്ക് വൈദഗ്ധ്യമില്ലാത്ത സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് പാളി എത്തിച്ചതിലും സ്വര്‍ണ്ണം ഉള്‍പ്പെട്ട ശില്‍പ്പത്തെ ‘ചെമ്പ് പാളി’ എന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രേഖപ്പെടുത്തിയതിലും കോടതി സംശയം പ്രകടിപ്പിച്ചു. 2019-ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് അയച്ചത് സ്വര്ണ്ണപ്പാളിയായിരുന്നെന്നും എന്നാല്‍ പോറ്റി തിരികെയെത്തിച്ചത് ചെമ്പുപാളിയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീകോവിലിന്റെ വാതില്‍പ്പാളിയുടെ സ്വര്ണ്ണനിറം മങ്ങിയതിലും കട്ടിള ഉരുക്കി മാറ്റിയപ്പോള്‍ മിച്ചം വന്ന 474.9 ഗ്രാം സ്വര്‍ണ്ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് പോറ്റിക്ക് നല്‍കിയതിലും സംശയമുണ്ട്. ഈ ഇടപാടുകളുടെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കാന്‍ എസ്.ഐ.ടിക്ക് ആറാഴ്ച സാവകാശം നല്കിയ ഹൈക്കോടതി, രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും സത്യം പുറത്തുവരുന്നത് വരെ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ജനാധിപത്യ രാജ്യത്ത് സുതാര്യത അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.