“സത്യമാണ് ദൈവം , അഹിംസ ആ സത്യത്തി ലേക്കുള്ള മാര്‍ഗവും”; ജ്യാമത്തിന് ശേഷം ഗാന്ധിജിയുടെ വാചകം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, March 23, 2023

ന്യൂഡല്‍ഹി: മോദി എന്ന പേരിലെ പരാമര്‍ശത്തിനെ തുടര്‍ന്നുണ്ടായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. സൂറത്ത് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത് . 2019ല്‍ തിരഞ്ഞെടുപ്പ് വേളയില്‍ കര്‍ണ്ണാടകയിലെ കോളാറിലാണ്  രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അതേസമയം അഹിംസയും സത്യവുമാണ് എന്‍റെ മതത്തിന്‍റെ  അടിസ്ഥാനമെന്ന് രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. മഹാത്മ ഗാന്ധിയുടെ വാചകം ട്വീറ്റ് ചെയ്തുകൊണ്ടാണ് തന്‍റെ പ്രതികരണം രാഹുല്‍ അറിയിച്ചത്.  സത്യമാണ് ദൈവം , അഹിംസ ആ സത്യത്തി ലേക്കുള്ള മാര്‍ഗവും എന്നായിരുന്നു രാഹുലിന്‍റെ  ട്വീറ്റ് . ആരെയും വേദനിപ്പിക്കാനല്ല മറിച്ച് അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഭീരുത്വം നിറഞ്ഞ, ഏകാധിപതികളായ ബിജെപി സർക്കാരിന്‍റെ   ഇരുണ്ട പ്രവൃത്തികൾ  തുറന്നു കാട്ടിയതിന് കിട്ടിയ മറുപടിയാണ് രാഹുൽ ഗാന്ധിയ്ക്കെതിരെയുള്ള നടപടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സർക്കാര്‍ രാഷ്ട്രീയ പാപ്പരത്തത്തിന്‍റെ  ഇരയെന്നും  ഇഡി പോലീസിനെ അയയ്ക്കുകയും
രാഷ്ട്രീയ പ്രസംഗങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

വിധി വന്നതോടെ വിലയും പിഴയും വിവേചനവും പ്രയോഗിച്ച് അധികാരത്തിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. “എന്‍റെ സഹോദരന്‍  ഒരിക്കലും ഭയപ്പെട്ടിട്ടില്ല, അവർ ഒരിക്കലും ഭയപ്പെടുകയുമില്ല. സത്യം പറഞ്ഞു ജീവിച്ചു, സത്യം പറഞ്ഞുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരും.സത്യത്തിന്‍റെ ശക്തിയും കോടിക്കണക്കിന് നാട്ടുകാരുടെ സ്നേഹവും അദ്ദേഹത്തോടൊപ്പമുണ്ടെന്നും” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

അതേസമയം വിധി അപ്രതീക്ഷിതമെന്നും അപ്പീല്‍ പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേസില്‍ രണ്ട് വര്‍ഷത്തെ തടവായിരുന്നു സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ശിക്ഷയായി വിധിച്ചിരുന്നത്.