മണ്ണുവന്ന് പൊതിഞ്ഞിട്ടും ഒന്നരവയസ്സുകാരനെ നെഞ്ചോടുചേര്‍ത്ത് അമ്മ; ഹൃദയം തകരുന്ന കാഴ്ച്ചയായി കോട്ടക്കുന്ന്

മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ ഹൃദയംതകരുന്ന രംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സാക്ഷിയാകേണ്ടിവന്നത്. അമ്മയുടെ നെഞ്ചോടുചേര്‍ന്ന് കിടന്ന അവസ്ഥയിലായില്‍ ഒന്നരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് രക്ഷാ പ്രവര്‍ത്തകരുടെ ശ്വാസം നിലപ്പിക്കുന്ന കാഴ്ചയായി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ശരതിന്‍റെ ഭാര്യ ഗീതു, ഒന്നരവയസ്സുകാരന്‍ ധ്രുവ് എന്നിവരെ കാണാതായത്. ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചത്. എന്നാല്‍ പുറത്തെടുത്തപ്പോഴാണ് ഗീതുവിന്റെ നെഞ്ചോടുചേര്‍ന്നിരിക്കുന്ന ധ്രുവിനെയും കണ്ടത്. ശരതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു.

നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.

Comments (0)
Add Comment