സഖാക്കളുടെ കൂട്ടബലാല്‍സംഗം സിപിഎമ്മിനെ ഉലയ്ക്കുന്നു

B.S. Shiju
Friday, December 7, 2018

CPM-Party-Peedanam

കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത പാര്‍ട്ടി യുവ സഖാക്കളുടെ നടപടി സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറേ മാസമായി കണ്ണൂരിന് പുറത്ത് മറ്റ് ചില ജില്ലകളിലും പാര്‍ട്ടി സഖാക്കള്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുകയാണ്.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ. ശശിക്കെതിരെ പാലക്കാട് ഡിവൈഎഫ്ഐ വനിതാ സഖാവ്  നല്‍കിയ ലൈംഗികാരോപണ പരാതി ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കണ്ണൂരിലെ യുവസഖാക്കളുടെ കൂട്ട ബലാല്‍സംഗം സമൂഹത്തെ ഞെട്ടിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഈ ഷോക്കില്‍ നിന്ന് കണ്ണൂരിലെ പാര്‍ട്ടിയും പൊതുസമൂഹവും  ഇനിയും മുക്തമായിട്ടില്ല.

സിപിഎമ്മിനെതിരെ ഉയര്‍ന്നു വന്ന ഈ ആരോപണങ്ങളെ പൊതുസമൂഹത്തിന്‍റെ മുന്നില്‍ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ നട്ടംതിരിയുകയാണ് പാര്‍ട്ടി നേതൃത്വം. നവകാലഘട്ടത്തില്‍ പാര്‍ട്ടി സഖാക്കളില്‍ വന്ന മാറ്റവും ജീര്‍ണസംസ്കാരവും പാര്‍ട്ടിയെ ഒന്നാകെയാണ് അലോസരപ്പെടുത്തുന്നത്. പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗം ഒരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെയാണ് എന്നത് ഗൗരവമേറിയ സംഭവമായി പൊതുസമൂഹം കാണുന്നത് തന്നെയാണ് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തെ വിഷമവൃത്തത്തില്‍ ആക്കുന്നത്.

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് അതും സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി വാദിക്കുന്ന പിണറായി  മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെയാണ് പാര്‍ട്ടി സഖാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നത്.

തൃശൂരിലെ ഉത്തരവാദപ്പെട്ട ഒരു ജില്ലാ സഖാവാണ് നിയമസഭാ സാമാജികരുടെ വാസസ്ഥലത്ത് പാര്‍ട്ടിക്കാരിയായ ഒരു വനിതാ സഖാവിനെ പീഡിപ്പിച്ചത്. പീഡനം തുറന്നു പറഞ്ഞതും ഈ വനിതാ സഖാവ് തന്നെ. ഇത്തരം നിരവധി പരാതികളാണ് പ്രാദേശിക തലത്തില്‍ സിപിഎം സഖാക്കള്‍ക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇത്തരം പരാതികളും സംഭവങ്ങളും അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിയുന്നില്ല. അത് കൊണ്ട് തന്നെ പാര്‍ട്ടി സഖാക്കള്‍ക്ക് രാഷ്ട്രീയ  വിദ്യാഭ്യാസം നല്‍കി സഖാക്കളില്‍ ഇത്തരം ജീര്‍ണ സംസ്കാരം അവസാനിപ്പിക്കാനുള്ള ഗവേഷണവും തന്ത്രങ്ങളും ക്ലാസുകളും ഈ മാസം 11ന് എ.കെ.ജി. സെന്‍ററില്‍ തുടങ്ങുമെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.