തിരുവനന്തപുരം ഡിസിസിയുടെ ഗാന്ധിജി ജനസേവാ പുരസ്കാരം പത്തനാപുരം ഗാന്ധിഭവന്

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധിജി ജനസേവാ പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ ഇന്‍റർനാഷണൽ ട്രസ്റ്റിന്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 30 വൈകിട്ട് 4 മണിക്ക് തമ്പാനൂരിലെ പൊന്നറ പാർക്കിൽ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും.

‘ഗാന്ധിജി എന്ന വെളിച്ചം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി അനുസ്മരണ സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്‌ണൻ, ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജന് പുരസ്കാരം സമ്മാനിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളി കോർപ്പസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. ശുഹൈബ് മൗലവി വിപി,സ്വാമി സൂക്ഷ്മാനന്ദ , ഫാ. സി ജോസഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സൂര്യ കൃഷ്ണമൂർത്തി, ഡോ. ജാൻസി ജയിംസ്, ഉമ്മൻ വി ഉമ്മൻ, കാട്ടൂർ നാരായണപിളള , കാവാലം ശ്രീകുമാർ, പന്തളം ബാലൻ, എന്നിവർ ഗാനാഞ്ജലിയിൽ പങ്കെടുക്കും.

ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമെന്ന നിലയിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ച ഗാന്ധിഭവൻ ഗാന്ധിയൻ ജീവിത മൂല്യങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിൽ നൽകിവരുന്ന മികച്ച സംഭാവനകൾ മാതൃകാപരമാണെന്ന് പുരസ്കാരനിർണയസമിതി വിലയിരുത്തി. അജിത് വെണ്ണിയൂർ ചെയർമാനായ സമിതിയാണ് അവാർഡ് സ്ഥാപനത്തെ തെരഞ്ഞെടുത്തത്.

Comments (0)
Add Comment