Gaganyaan| ഗഗന്‍യാന്‍ ദൗത്യം: നിര്‍ണായക ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഇന്ന്

Jaihind News Bureau
Sunday, August 24, 2025

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ നിര്‍ണായക പരീക്ഷണമായ ‘ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ്’ ഇന്ന് നടത്തും. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ പരീക്ഷണം നടത്തുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കാരണം പലതവണ മാറ്റിവച്ച പരീക്ഷണമാണിത്. അനുകൂലമായ കാലാവസ്ഥയും സാങ്കേതിക സാഹചര്യങ്ങളും ഉറപ്പാക്കിയാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ പരീക്ഷണത്തില്‍, ഗഗന്‍യാന്‍ യാത്രികരെ വഹിക്കുന്ന പേടകത്തിന് സമാനമായ 4000-4500 കിലോഗ്രാം ഭാരമുള്ള പേടകം ഉപയോഗിക്കും. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പേടകത്തെ ഏകദേശം 4 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച ശേഷം കടലിലേക്ക് താഴ്ത്തും. പേടകം ഭൂമിയിലേക്ക് പതിക്കുമ്പോള്‍, പാരച്യൂട്ടുകള്‍ ഉപയോഗിച്ച് അതിന്റെ വേഗം കുറച്ച് സുരക്ഷിതമായി വെള്ളത്തില്‍ ഇറക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.