ബന്ധുനിയമന വിവാദ കുരുക്കില്‍ മന്ത്രി ജി. സുധാകരനും

Jaihind Webdesk
Saturday, November 10, 2018

G_Sudhakaran-and-wife

മന്ത്രി ജി. സുധാകരനും ബന്ധുനിയമന വിവാദത്തിൽ. മന്ത്രി ജി. സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭയ്ക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നല്‍കിയതാണ് വിവാദത്തിലായത്. കരാർ തസ്തികയില്‍ ജോലി ചെയ്തിരുന്ന ജൂബിലി നവപ്രഭയുടെ ജോലി സഥിരം തസ്തികയിയാക്കി മാറ്റാൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് മന്ത്രി പത്‌നിക്ക് നിയമനം നൽകിയിരിക്കുന്നത്.

കേരള സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായിട്ടാണ് മന്ത്രി ജി സുധാകരന്‍റെ ഭാര്യ ഡോക്ടർ ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നൽകിയിരിക്കുന്നത്. അഞ്ച് മാസങ്ങൾക്ക് മുമ്പ് 35,000 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ നടത്തിയ നിയമനമാണ് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. ഒന്നര ലക്ഷം രൂപയാണ് പുതിയ ശമ്പളം. പ്രൊഫസർക്ക് തത്തുല്യമായ തസ്തിക സൃഷ്ടിക്കാനാണ് സർവ്വകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനം. താൽക്കാലിക തസ്തികയെ സ്ഥിരം സ്റ്റാറ്റ്യൂട്ടറി തസതികയാക്കി മാറ്റുന്നതിനായി സർവ്വകലാശാല ചട്ടങ്ങളിൽ ഭേതഗതി വരുത്തും. സർവ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്‍ററുകളുടേയും 29 യുഐടികളുടയും ഏഴ് സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് ഡോം ടെക് ഡയറക്ടരായ ജൂബിലി നവപ്രഭക്ക് നൽകുക. നേരത്തെ ഓരോ കോഴ്‌സിനും സർവ്വകലാശാലക്ക് കീഴിലെ ഓരോ പ്രൊഫസർമാരായിരുന്നു ഡയറക്ടർ. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോൾ യോഗ്യത സർവ്വീസിലുള്ള പ്രൊഫസറിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അല്ലെങ്കിൽ വൈസ് പ്രിൻസിപ്പൽ എന്നാക്കി മാറ്റി.

ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്. പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിക്കുകയായിരുന്നു. എന്നാൽ നവപ്രഭ വൈസ് പ്രിൻസിപ്പൽ പദവിക്ക് സർവ്വകലാശാല ഇതുവരെ അംഗീകാരം നൽകിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. വേണ്ടത്ര യോഗ്യത ഇല്ലാത്ത ജൂബിലി നവപ്രഭക്ക് നിയമനം നൽകുന്നതിനായി യോഗ്യതയിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ഇളവ് വരുത്തി. മന്ത്രി പത്‌നിക്ക് എംകോമിന് അൻപത് ശതമാനം മാർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു.വിദൂര വിദ്യാഭ്യാസത്തിലൂടെ അവർ പ്രൈവറ്റായി എംബിഎയും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ എംഎംയും നേടിയിട്ടുള്ളത് കൊണ്ടും ഈ രണ്ട് വിഷയങ്ങൾ അധിക യോഗ്യതയായും പി. ജി പരീക്ഷക്ക് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണമെന്നും വിജ്ഞാപനം ചെയ്തിരുന്നു. യുജിസി പുതിയ ചട്ടമനുസരിച്ച് അദ്ധ്യാപക നിയമനങ്ങൾക്ക് 55 ശതമാനം മാർക്ക് കർശനമായി നിഷ്‌കർഷിച്ചിരിക്കുമ്പോഴായിരുന്നു മിനിമം യോഗ്യത് അൻപത് മാർക്കായി നിശ്ചയിച്ചത്. സർവ്വകലാ ശാലയിലെ വിവിധ സ്വാശ്രയ കോഴ്‌സുകളുടെ നടത്തിപ്പിനായി പ്രിൻസിപ്പൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, എന്നീ തസ്തികളിൽ 500 ഓളം പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒരു സ്ഥിരം തസ്തിക പോലും അനുവദിച്ചിട്ടാല്ലാത്തപ്പോഴാണ് ഡയറക്ടറുടെ തസ്തിക മാത്രം സ്ഥിരമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.